സംരംഭ ആശയം മനസ്സിലുണ്ടോ ? എങ്കിൽ ആദ്യം ഒരു പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി നോക്കാം..

ഒരു പ്രോജക്ട് റിപ്പോർട്ട് എന്നാൽ എന്താണെന്ന് ഓരോ സംരംഭകനും വിശദമായി മാസിലാക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും നാം ഒരു പ്രോജക്ട് തെരഞ്ഞെടുത്തു കഴിഞ്ഞാൽ വിവിധ വശങ്ങളെപ്പറ്റി നന്നായി പഠിക്കേണ്ടതുണ്ട്. എന്താണ് നാം ഉൽപ്പാദിപ്പിക്കുവാൻ പോകുന്നത് ? എത്രത്തോളമാണ് നിർമിക്കുന്നത് ? എവിടെയാണ് അതിന്റെ മാർക്കറ്റ് ? അതിന്റെ പ്രോസസ് എങ്ങനെയാണ് ? എവിടെയാണ് ഫാക്ടറി സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്നത് ? യന്ത്ര സാമഗ്രികൾ ഏതൊക്കെ ? അവയുടെ ലഭ്യത, എന്തു വിലയ്ക്ക് അവ നമ്മുടെ ഫാക്ടറിയിൽ എത്തിച്ചേരും? മൂലധനം (സ്ഥിര മൂലധനം, പ്രവർത്തന മൂലധനം) എത്ര വേണം എന്നിങ്ങനെ ധാരാളം വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്.

അതെല്ലാം കഴിഞ്ഞാൽ പ്രോജക്ട് ലാഭകരമാണോ, കടങ്ങളൊക്കെ ഒരു നിശ്ചിത പരിധിക്കുള്ളിൽ അടച്ചു തീർക്കാൻ പറ്റിയ വരുമാനം ഉണ്ടാകുമോ എന്നൊക്കെ പരിശോധിക്കണം. ഒരു 10 വർഷത്തെയെങ്കിലും പ്രവർത്തനം മുൻകൂട്ടി പ്രവചിക്കണം. ഈ വിവരങ്ങളൊക്കെ ശേഖരിച്ച് പഠനങ്ങളൾ നടത്തി തിരുമാനങ്ങളിൽ എത്തിയാൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാം.

ബൃഹത്തായ പ്രോജക്ട് റിപ്പോർട്ട് ഒരു രഹസ്യ രേഖയാണ്. വിവിധ സ്ഥാപനങ്ങളിൽ കൊടുക്കാൻ പദ്ധതി രൂപരേഖ എന്ന ഒരു റിപ്പോർട്ടും ആദ്യം തയ്യാറാക്കണം. രജിസ്ട്രഷനുകൾക്കും എസ്റ്റേറ്റുകളിലും വ്യവസായ പാർക്കുകളിലും ഭൂമിയോ ഷെഡോ അലോട്ട് ചെയ്തു കിട്ടുന്നതിനു പ്രോജക്ട് രൂപരേഖ മതിയാകും. ബാങ്കുകൾക്കും മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്കും വായ്പയ്ക് അപേക്ഷിക്കുമ്പേൾ പ്രോജക്ട് റിപ്പോർട്ടുതന്നെ കൊടുക്കേണ്ടിവരും. അങ്ങനെയുള്ള റിപ്പോർട്ടുകളിൽ ട്രയ്ഡ് സീക്രട്ട്‌സ് വരാതെ സൂക്ഷിക്കണം. പക്ഷേ റിപ്പോർട്ടിൽ യഥാർത്ഥ ചിത്രം മാത്രമേ കാണിക്കാവൂ. അതായത് സാധന സാമഗ്രികളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വില, ഉലപ്പന്നത്തിന്റെ വിൽപ്പന വില ഇവയൊക്കെ സത്യസന്ധമായിരിക്കണം.

തെറ്റായ വിവരങ്ങൾ കാണിച്ച് പ്രോജക്ട് ലാഭകരമാണെന്നു കാണിച്ചാൽ നാം നമ്മെത്തന്നെയായിരിക്കും വഞ്ചിക്കുന്നത്. പല പ്രോജക്ടുകളും പരാജയപ്പെട്ടു പോകുന്നതിന്റെ ഒരു കാരണമാണിത്.. ബാങ്കുകൾക്ക് വളരെയെളുപ്പം അങ്ങനെയുള്ള തെറ്റായ വിവരങ്ങൾ കണ്ടുപിടിക്കാൻ കഴിയും. അപ്രകാരം ഒരു അവിശ്വാസ്യത സംഭവിച്ചാൽ പിന്നെ ബാങ്കുകൾ വായ്പ തരാൻ വിസമ്മതിക്കും. അല്ലെങ്കിൽതന്നെയും ഇപ്പോൾ ബാങ്കുകൾ തക്കതായ മറ്റ് ജാമ്യ വസ്തുക്കളുടെ ഈടിൻമേൽ മാത്രമേ വായ്പ അനുവദിക്കാറുള്ളു. പ്രവറ്റ് ലിമിറ്റഡ് കമ്പനികളാണെങ്കിൽക്കൂടി ഡയറക്ടർമാരുടെ സ്വകാര്യ സ്വത്തുക്കൾ ജാമ്യമായി ആവശ്യപ്പെടാറുണ്ട്.

പ്രോജക്ട് സാങ്കേതികം, സാമ്പത്തികം, വാണിജ്യപരം തുടങ്ങിയ എല്ലാ വശങ്ങളും അപഗ്രഥിച്ച് പഠിച്ചു ബോധ്യപ്പെട്ടതിൽശേഷം വേണം റിപ്പോർട്ടു തയ്യാറാക്കേണ്ടത്. സംരംഭകന്റെ മനസിലുള്ള പ്രോജക്ടിനെ എല്ലാ ആന്തരികഭാഗങ്ങളും വെളിപ്പെടുത്തുന്ന ഒരു എക്‌സ്‌റേ ചിത്രമായി താരതമ്യപ്പെടുത്താം. ഇത് സാമ്പത്തിക സ്ഥാപനങ്ങളെ ബോധ്യപ്പെടുത്താൻവേണ്ടി മാത്രം തയ്യാറാക്കുന്ന ഒരു രേഖ അല്ലെന്ന് വ്യവസായ സംരംഭകൻ മനസിലാക്കേണ്ടതുണ്ട്.

പ്രോജക്ടിന്റെ വിജയകരമായ പ്രവർത്തനം സ്വയം ഉറപ്പുവരുത്തുന്നതിനാണ് റിപ്പോർട്ട് കൂടുതൽ പ്രയേജനപ്പെടുന്നത്. ഭാവിയിൽ ഉണ്ടാകാനിടയുള്ള കാര്യങ്ങൾകൂടി റിപ്പോർട്ടിൽ മുൻകൂട്ടി വിഭാവന ചെയ്തിട്ടുണ്ടാകണം.

പ്രോജക്ട് റിപ്പോർട്ട് ആർക്കു വേണ്ടി?

ആദ്യമായി സംരംഭകർക്കു തന്നെയാണ് റിപ്പോർട്ടു വേണ്ടത്. പിന്നെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് റിപ്പോർട്ട് പരിശോധനയ്ക്ക് കൊടുക്കേണ്ടി വരും. പ്രോജക്ടിന്റെ വിജയ സാധ്യതയെ വിലയിരുത്തുന്നത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ.്

നമ്മുടെ റിപ്പോർട്ട് പഠിച്ചതിൽശേഷം സംരംഭകനെ ചർച്ചയ്ക്ക് വിളിക്കും. റിപ്പോർട്ട് തയ്യാറാക്കാൻ സഹായിച്ച വിദഗ്ധനേയും ഈ അവസരത്തിൽ കൂട്ടാം. അവരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടികൾ കൊടുക്കേണ്ടിവരും. ചിലപ്പോൾ ചർച്ചയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുതന്നെ പരിഷ്‌കരിച്ചു കൊടുക്കേണ്ടിവരും. റിപ്പോർട്ടിൽ നാം പല അനുമാനങ്ങളുടെ അടിസ്ഥാനത്തിലാകും ഓരോ കണക്കുകളിൽ എത്തിച്ചേരുക. ഈ അനുമാനങ്ങളിൽ ചിലപ്പോൾ ബാങ്കുകൾക്ക് സംശയമുണ്ടാകാം. അപ്പോഴാണ് റിപ്പോർട്ട് പരിഷ്‌കരിക്കേണ്ട സന്ദർഭമുണ്ടകുന്നത്.
റിപ്പോർട്ടിന്റെ വ്യാപ്തി (സ്‌കോപ് ഓഫ് റിപ്പോർട്ട്)

താഴെപ്പറയുന്ന വിവിധ വശങ്ങളെപ്പറ്റി വിവരിക്കുന്നതായിരിക്കണം റിപ്പോർട്ട്

വിപണിയുടെ പഠനം

നിക്ഷേപം സാധൂകരിക്കാൻ കഴിയുന്ന രീതിയിൽ വ്യക്തമായിരിക്കണം റിപ്പോർട്ട്. ഉൽപ്പാദിപ്പിക്കപ്പെടുന്ന ഉൽപ്പന്നത്തിന്റെ വിപണന സാധ്യതകളെപ്പറ്റി ഒരു പഠനം ഉൾപ്പെടുത്തിവേണം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ. താഴെ പറയുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കണ്ടെത്തിയിരിക്കണം.

(1) ഇപ്പോൾ വിപണി എത്ര വലുതാണ്.
(2) വിപണി എത്രത്തോളം വളരാൻ സാധ്യതയുണ്ട്.
(3) ഇനി കടന്നുവരാൻ ഇടയുള്ള പുതു സംരംഭകർക്ക് ഒരു വിഹിതം മാറ്റിവെച്ചാൽ നിങ്ങളുടെ ഉൽപ്പന്നത്തിന് വിപണിയുടെ എത്രത്തോളം ഭാഗം കൈയടക്കാനാകും ?

സാങ്കേതിക കാര്യങ്ങൾ – ഉൽപ്പാദന പ്രക്രിയയുടെ വിശദ വിവരങ്ങൾ, വേണ്ട യന്ത്ര സാമഗ്രികൾ, എന്നിവയുടെ വിശദ വിവരങ്ങൾ, അവ എവിടെനിന്നു കിട്ടും എന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം.

ധനപരമായ വശം

സ്ഥിര മുതൽമുടക്ക്, പ്രവർത്തന മൂലധനം എന്നിവ എത്രത്തോളം ആവശ്യമണ്ട്, അത് എവിടെനിന്നെല്ലാം സമാഹരിക്കാം, സ്വന്തം നിക്ഷേപം എത്ര വേണം ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിരിക്കണം. ഉൽപ്പാദനം സംബന്ധിച്ച കാര്യങ്ങൾ ഉൽപ്പാദനത്തിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ, എന്തുമാത്രം ഗുണനിലവാരം വേണം ഏതു സ്റ്റാൻഡേർഡ് അനുസരിച്ചാണ് ഉൽപ്പന്നം ഉണ്ടാക്കേണ്ടത്,, അതിന് നടത്തിയിരിക്കേണ്ട ടെസ്റ്റുകൾ, ഉൽപ്പന്നം കയറ്റുമതിയ്ക്ക് ഉപയുക്തമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കേണ്ടത്.

ഭരണപരമായ കാര്യങ്ങൾ

പ്രോജക്ട് നടത്തിയെടുക്കാൻ ആരാണ് ചുമതലപ്പെട്ട ആൾ, അയാളുടെ യോഗ്യതകൾ എന്തൊക്കെ, അയാൽതന്നെ തുടർന്ന് മാനേജ്‌മെന്റ് പങ്കാളിയാകുമോ, അങ്ങനെയെങ്കിൽ അയാൾക്ക് അതിൽവേണ്ട യോഗ്യതകൾ എന്തൊക്കെ, സ്ഥാപനം ആരംഭിച്ച് തുടർന്ന് നടത്തുന്നതിൽ വേണ്ട ഉദ്യോഗസ്ഥൻമാർ, ഓഫീസ് നടത്തിപ്പിൽ വേണ്ട സ്റ്റാഫ്, തൊഴിലാളികൾ, സെക്യൂരിറ്റി മാർക്കറ്റിംഗിൽ വേണ്ട സംഘടനാ സംവിധാനം എന്നീ കാര്യങ്ങളൊക്കെ റിപ്പോർട്ടിന്റെ ഈ ഭാഗത്തിലുണ്ടായിരിക്കണം.

ഒരു പ്രോജക്ട് റിപ്പോർട്ടിന്റെ ഉള്ളടക്കം

താഴെപ്പറയുന്ന കാര്യങ്ങളാണ് ഒരു റിപ്പോർട്ടിൽ ഉൾക്കൊള്ളേണ്ടത്.

1. പൊതുവായ വിവരങ്ങൾ
സംരംഭകരുടെ യോഗ്യതകൾ, മുൻപരിചയം വ്യവസായം തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ മുതലായവ.

2. റിപ്പോർട്ടിന്റെ ലക്ഷ്യവും വ്യാപ്തിയും.

3. ഉൽപ്പന്നത്തിന്റെ/ഉൽപ്പന്നങ്ങളുടെ സ്വഭാവ ഗുണങ്ങൾ, ഉപയോഗം, എവിടെയെല്ലാം പ്രയോജനപ്പെടുത്താം എന്നുള്ളത്,
ഗുണനിലവാരം.

4. വിപണി – പ്രതീക്ഷിക്കുന്ന ഡിമാന്റ്, ഉൽപ്പാദനം (എത്ര) കയറ്റുമതി സാധ്യതകൾ കയറ്റുമതി – ഇറക്കുമതി സംബന്ധിച്ച വിവരങ്ങൾ വിൽപ്പന വിലയുടെ ഘടന മുതലായവ.

5. അസംസ്‌കൃത വസ്തുക്കൾ – ഓരോന്നും എത്ര അളവിൽ വേണം എന്തു വിലയ്ക്ക്, എവിടെ നിന്ന് വാങ്ങാം, ഗുണനിലവാരം എന്നീ വിവരങ്ങൾ.

6. ഉൽപ്പാദനം – ഉൽപ്പാദന പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ, ഓരോ ദിവസവും ആഴ്ചയും മാസവും വർഷവും എത്ര ഉൽപ്പാദനം നടത്തണമെന്ന് മുൻകൂട്ടി നിശ്ചയിച്ച് ഷെഡ്യൂളുകൾ എന്നീ വിവരങ്ങൾ.

7. ഭൂമിയും കെട്ടിടവും – ഏറ്റവും കുറഞ്ഞത് എത്ര ഭൂമി വേണം. അതിലേക്ക് എന്തെല്ലാം സൗകര്യങ്ങൾ എത്തണം (ജലമാർഗ്ഗമുള്ള ഗതാഗതം ആവശ്യമാണെങ്കിൽ അങ്ങനെയുള്ള ഭൂമി വേണം തെരഞ്ഞെടുക്കാൻ), ഭാവിയിൽ വികസനത്തിൽവേണ്ടി കൂടുതൽ ഭൂമിക്ക് തെട്ടടുത്ത് ലഭ്യത ഉറപ്പുവരുത്തണമോ? കെട്ടിടങ്ങളുടെ വിശദമായ ഡ്രായിംഗുകളും (പ്ലാൻ, എലിവേഷൽകൾ, ക്രാസ് സെക്ഷൽകൾ, ലേ ഔട്ട്) എസ്റ്റിമേറ്റും എന്നിങ്ങനെയുള്ള കാര്യങ്ങൾ.

8. ധന സമാഹരണം – പ്രോജക്ട് കോസ്റ്റ്, സ്ഥിര നിക്ഷേപം പ്രവർത്തന മൂലധനം, സബ്സിഡി, മാർജിൻ മണി, സ്വന്തം നിക്ഷേപം എന്നിവയുടെ കണക്കുകളും ലാഭസാധ്യത വിശകലനവും

9. വിപണന മാർഗങ്ങൾ
നിലവിലുള്ള വ്യാപാര തന്ത്രങ്ങൾ, സംരംഭകർ സ്വീകരിക്കാൻ പോകുന്ന വിപണന രീതി/തന്ത്രം എന്നിവ.

10. ഉദ്യോഗസ്ഥർ, സ്റ്റാഫ്, ജോലിക്കാർ – എന്നിവരെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ, അവരുടെ ശമ്പളവും മറ്റിനങ്ങളിലും നേരിടേണ്ടിവരുന്ന ചെലവുകളുടെ കണക്കുകൾ.

11. യന്ത്ര സാമഗ്രികൾ – മെഷീനറി, ഇൻസ്ട്രുമെന്റുകൾ, ലബോറട്ടറി ഉപരണങ്ങൾ, വൈദ്യുതിക്കും വെള്ളത്തിനും വേണ്ടി വരുന്ന സ്ഥിര നിക്ഷേപങ്ങൾ (സബ് സ്റ്റേഷൻ, ഡിപ്പോസിറ്റുകൾ, ജലസംഭരണികൾ മുതലായവ).

12. മലിന ജല /വായു ശുദ്ധീകരണ/ബഹിർഗമന സൗകര്യങ്ങൾ ചിമ്മിനികൾ, ഡസ്റ്റ് കളക്റ്റേഴ്സ്, ട്രീറ്റ്മെന്റ് പ്ലാന്റുകൾ, റിസർവോയറുകൾ എന്നിവ.

13. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ – ട്രാൻസ്പോർട്ടേഷൻ കമ്മ്യൂണിക്കേഷൻ, ബാങ്കിംഗ്, ഇൻഷുറൻസ് എന്നിവ.
പ്രവർത്തന മൂലധനം.

14. ബ്രേക്ക് ഈവൻ അനാലിസിസ്. ഉൽപ്പാദന നിലവാരം എത്രത്തോളം എത്തുമ്പോൾ ലഭാം ഉണ്ടാകാൻ തുടങ്ങും എന്ന പഠനമാണിത്.

15. കാഷ് ഫ്ളോ സ്റ്റേറ്റ്മെന്റ് വായ്പകൾ തിരിച്ചടയ്ക്കാനും പലിശ കൊടുക്കാനും തക്കവണ്ണം മിച്ചം ഉണ്ടാവുന്നുണ്ടോ എന്ന പരിശോധന.

16. റേഷ്യോ അനാലിസിസ്
(എ) ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ (മൊത്തം വായ്പയും സ്വന്തം മുതൽമുടക്കും തമ്മിലുള്ള അൽപാതം ആണിത്.
(ബി) ഡെബ്റ്റ് സർവ്വീസ് കവറേജ് റേഷ്യോ – വർഷാവസാനം കൊടുത്തു തീർക്കേണ്ട വായ്പ വിഹിതവും ക്യാഷ് മിച്ചവും തമ്മിലുള്ള അൽപാതം.
(സി) പ്രോഫിറ്റബിലിറ്റി മാർജിൻ – പ്രാഫിറ്റ്/സെയിൽസ് : 100 (ശതമാനത്തിൽ) ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും മേൽപ്പറഞ്ഞ അൽപാതങ്ങൾക്ക് വലിയ പ്രാധാന്യം കൊടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *